കോഴിക്കോട്: വലിയങ്ങാടിയില്‍ സണ്‍ഷെയ്ഡ് തകര്‍ന്നു വീണ കെട്ടിടത്തില്‍ രണ്ടു മാസം മുമ്പും പുതിയ സ്ഥാപനം ആരംഭിച്ചതായി പ്രദേശവാസികള്‍.
അപകടാവസ്ഥയിലായതിനാല്‍ പൊളിച്ചുനീക്കണമെന്ന് എന്‍ജിനീയറിംഗ് വിഭാഗം ശിപാര്‍ശ ചെയ്ത കെട്ടിടത്തില്‍ പുതിയ സ്ഥാപനം തുടങ്ങാന്‍ അനുമതി നല്കിയതാകട്ടെ കോര്പറേഷന് അധികൃതര്‍ തന്നെ.
12 വ്യാപാര സ്ഥാപനങ്ങളുടെ ഗോഡൗണ്‍ പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തില്‍ നിലവില്‍ ആറ് സ്ഥാപനങ്ങളുടെ ഗോഡൗണ്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതില്‍ നാലു ഷോപ്പുകളുടെ സണ്‍ഷെയ്ഡാണ് തകര്‍ന്നുവീണത്.
കെട്ടിടത്തിന്റെ മുകള്‍ നിലയില്‍ ഏതാനും ആഴ്ചകള്‍ക്കുമുമ്പ് വരെ ജിം അടക്കമുള്ള സ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നു. കെട്ടിടത്തിന്റെ എതിര്‍വശത്ത് അഞ്ചുവര്‍ഷം മുമ്പ് കെട്ടിടം തകര്‍ന്നു വീണിരുന്നു.
അന്ന് ഭാഗ്യത്തിനാണ് തൊഴിലാളികള്‍ രക്ഷപ്പെട്ടത്. ചാക്ക് അട്ടികള്ക്കു മുകളിലാണ് അന്ന് സ്ലാബ് പതിച്ചത്. അതിനാല്‍ തൊഴിലാളികള്‍ രക്ഷപ്പെടുകയായിരുന്നു. വലിയങ്ങാടിയിലെ ഭൂരിഭാഗം കെട്ടിടങ്ങളും കാലപ്പഴക്കം ചെന്നവയാണ്.